അല്‍പം ക്ലാസിക്ക് എന്ന് തോന്നുന്ന ഒരു വാക്ക് കിട്ടിയാല്‍ അവസരത്തിലും അനവസരത്തിലും അതുപയോഗിച്ച് സ്വന്തം 'വിവരം' കാണിക്കാന്‍ ഇറങ്ങി തിരിക്കുന്നവരാണ് മിക്കവരും. മുന്‍പ് സര്‍ക്കാസം, സറ്റയര്‍ എന്നിവ സാഹിത്യപദങ്ങള്‍ ആയിരുന്നു. ആര്‍ക്കോ എവിടുന്നോ അവ വീണു കിട്ടിയതിനു ശേഷം ആ വാക്കുകള്‍ക്ക് ഉറക്കം ഇല്ല എന്നതാണ് സത്യം. എവിടെയെങ്കിലും ആ വാക്കുകള്‍ ഒന്ന് കുത്തി തിരുകി കമന്‍റുകള്‍ ഇന്‍റലക്ച്വല്‍ ആക്കാന്‍ ഉള്ള ശ്രമം! അങ്ങനെ ഒരു പുതിയ ശ്രമത്തിനിടയില്‍ നാര്‍സിസം എന്ന വാക്കും ഒന്ന് കാര്യമായി കുരുങ്ങിയിട്ടുണ്ട്. ഈ ഇടെ ഫെയ്സ്ബുക്കില്‍ ആരെങ്കിലും സെല്‍ഫി ഇട്ടാല്‍, അല്ലെങ്കില്‍ "ഞാനാരാ മോന്‍!" എന്ന ഒരു തമാശ കമന്‍റ് ഇട്ടാല്‍ മൈക്ക് തപ്പി നടന്ന ഏതെങ്കിലും ഒരാള്‍ ചാടി വീണ് അതിനു കീഴെ എഴുതും നാര്‍സിസ്റ്റ് എന്ന്. ഈ ഇടെ മാതൃഭൂമി പത്രത്തില്‍, "സെല്‍ഫി ഫോട്ടോകള്‍ എടുക്കുന്നവര്‍ നാര്‍സിസ്റ്റ്കള്‍ ആണെ"ന്ന ഒരു ശുദ്ധഭോഷ്ക് ഒരു ലേഖിക എഴുതിയിരുന്നത് ഓര്‍ക്കുന്നു. ഞാന്‍ ഇന്ന് രാവിലെ കണ്ട ഒരു ചെറിയ തമാശയാണ് ഒരു പാവം പയ്യന്‍ അത്തപ്പൂക്കളമിട്ടതിന് അടുത്തിരുന്നു എടുത്ത ഒരു സെല്‍ഫിയുടെ കീഴെ ഒരാള്‍ "എന്തുവാടെയ് ഒരു മാതിരി നാര്‍സിസം?" എന്ന് എഴുതിക്കണ്ടത്. നാര്‍സിസസ് ആരാണെന്നോ നാര്‍സിസ്റ്റ് ആരാണെന്നോ തിരിച്ചു ചോദിച്ചാല്‍ ചൈനയുടെ പ്രധാനമന്ത്രി എന്ന് ഉത്തരം വരാന്‍ ഉള്ള സാധ്യത വളരെ കൂടുതലാണ്. നമ്മുടെ നല്ല വശങ്ങളെ നമ്മളോളം അറിയുന്ന മറ്റൊരാളുമില്ല, സ്വന്തം അമ്മ ഉള്‍പ്പടെ. ലോകം മുഴുവനും നമ്മളെ മോശക്കാരന്‍ എന്ന് വിളിച്ചാലും കുടഞ്ഞെഴുന്നെല്‍ക്കാന്‍ ഉള്ള ശക്തി തരുന്നത് നമുക്ക് നമ്മളെ അറിയാവുന്നത് കൊണ്ടാണ്. "ആരുടേയും സര്‍ട്ടിഫിക്കറ്റ് എനിക്ക് വേണ്ട" എന്ന് നമ്മള്‍ എല്ലാവരും തന്നെ ഒരിക്കല്‍ എങ്കിലും വികാരപൂര്‍വ്വം ഉപയോഗിച്ചിട്ടുണ്ടാവും. അതിനെ നാര്‍സിസം എന്നാണു വിളിക്കുന്നതെങ്കില്‍ അങ്ങനെ, ആത്മവിശ്വാസം എന്നാണു വിളിക്കുന്നതെങ്കില്‍ അങ്ങനെ, അഹങ്കാരം എന്നാണെങ്കില്‍ അങ്ങനെ. അല്ല, അതിനും മറ്റൊരാളുടെ സര്‍ട്ടിഫിക്കറ്റ് നമുക്ക് ആവശ്യമില്ലല്ലോ! സെല്‍ഫി എന്നത് ഇക്കാര്യത്തിന്റെ തന്നെ മറ്റൊരു വശമാണ്. നമ്മുടെ ഏറ്റവും നല്ല ആങ്കിള്‍, ഏറ്റവും നല്ല എക്സ്പ്രഷന്‍ എന്നിവ നമുക്ക് മറ്റൊരാളെക്കാള്‍ നന്നായി അറിയാമെങ്കില്‍ സെല്‍ഫി എന്നത് ഒരു കുറ്റം ആകുന്നത് എങ്ങനെ ആണ്? അഞ്ചാറു സുഹൃത്തുക്കള്‍ ഇരിക്കുമ്പോഴും സെല്‍ഫി എടുക്കുന്നവരുണ്ട്. അത് അവരുടെ ആത്മവിശ്വാസം ആണ്. അവരുടെ ആല്‍ബമുകളില്‍ അവരുടെ ഏറ്റവും നല്ല ചിത്രങ്ങള്‍ ഉണ്ടാവുക എന്നത് അവരുടെ സ്വകാര്യ സന്തോഷമാണ്. അവരുടെ മുഖം, അവരുടെ ക്യാമറ, അവരുടെ ആല്‍ബം, അവരുടെ സ്വാതന്ത്ര്യം! ആ സ്വാതന്ത്ര്യത്തെ കയ്യടക്കി, അവരെ തോന്നിയത് വിളിക്കാന്‍ നമ്മള്‍ ആരാണ് എന്നതാണ് എന്റെ ചോദ്യം! അവരുടെ നല്ല ഫോട്ടോകള്‍ കണ്ടു ദഹിക്കാത്ത സാഡിസ്റ്റുകള്‍ ആണ് ഇങ്ങനെ കുത്തുവാക്കുകളിലേക്ക് നിരന്തരം ഗവേഷണം നടത്തിക്കൊണ്ടിരിക്കുന്നത്. അതായത്, ആദ്യം ചികിത്സിക്കേണ്ടത് അവനവനെ തന്നെയാണ് എന്ന്. സത്യം പറയട്ടെ, ഫെയ്സ്ബുക്കില്‍ ഞാന്‍ കണ്ടിട്ടുള്ളതില്‍ ഏറ്റവും നല്ല ഫോട്ടോകള്‍ സെല്‍ഫികളാണ്. അതില്‍ അവരുടെ എക്സ്പ്രേഷനില്‍ ഒരു വല്ലാത്ത സ്വാതന്ത്ര്യം ഞാന്‍ കാണാറുണ്ട്. അവരുടെ ചിരി, നോട്ടം, എല്ലാം മറ്റുള്ള ഫോട്ടോകളില്‍ നിന്ന് അല്‍പം വേറിട്ട് നില്‍ക്കും. മറ്റൊരാള്‍ക്ക് വേണ്ടി പോസ് ചെയ്യുമ്പോള്‍ പല ഘടകങ്ങളും ആ സ്വാതന്ത്ര്യത്തെ തടസ്സപ്പെടുത്തും എന്ന് ഞാന്‍ പറഞ്ഞാല്‍ സെല്‍ഫി ഫോട്ടോഗ്രാഫര്‍മാര്‍ എന്നോട് പൂര്‍ണ്ണമായും യോജിക്കും എന്ന് എനിക്ക് ഉറപ്പുണ്ട്. അതിസുന്ദരനായ ഒരു ഗ്രീക്ക് യുവാവായ നാര്‍സിസസ് ഒരു പൊയ്കയില്‍ കണ്ട സ്വന്തം പ്രതിബിംബത്തോട് അമിതമായ ഭ്രമം തോന്നി അത് തന്നെ നോക്കി നിന്നതായി ചരിത്രമുണ്ട്. അങ്ങനെ സ്വന്തം പ്രതിബിംബത്തില്‍ നിന്ന് കണ്ണെടുക്കാതെ നോക്കി ഇരുന്നിരുന്ന്‍ ആ പൊയ്കയിലെ ഒരു പൂവായി പരിണമിച്ചു എന്നതാണ് കഥയായി ഞാന്‍ വായിച്ചിട്ടുള്ളത്. അതില്‍ നിന്നാണ് ഈ വാക്ക് വരുന്നത്. അത്രത്തോളം സ്വയം പ്രണയം ഉള്ള ആളുകള്‍ ഫെയ്സ്ബുക്കില്‍ എന്നല്ല മറ്റൊരിടത്തും നമ്മള്‍ കാണില്ല, മാനസികാരോഗ്യകേന്ദ്രത്തില്‍ ഒഴിച്ച്. അതുകൊണ്ട് അനാവശ്യമായി ആ വാക്കിനെ ഉപയോഗിച്ച് വികൃതമാക്കാതിരിക്കുക. അഭിമാനം, അഹങ്കാരം, ഈഗോ, സ്വയം പ്രോത്സാഹനം, ആത്മവിശ്വാസം എന്നിങ്ങനെ ആ വിഭാഗത്തില്‍ വരുന്ന എന്തും നാര്‍സിസം ആണെന്ന് വിശേഷിപ്പിക്കുന്നത് ഒരാളുടെ വിവരക്കേട് വിളിച്ചുപറയാനേ സഹായിക്കൂ. കൂടെ ഒരാള്‍ എന്തെങ്കിലും നല്ലത് പറഞ്ഞാല്‍ അത് കേട്ടിരിക്കാന്‍ കഴിയാത്ത അസഹിഷ്ണുത, സാഡിസം എന്നിവയും 'നാര്‍സിസ്റ്റ്' കമന്‍റു ചെയ്യുന്നവരില്‍ വ്യക്തമാകും. ഒരളവു വരെ ഇവര്‍ തന്നെ പറഞ്ഞ ഈ 'നാര്‍സിസം' ഇല്ലാത്ത ഒരാളെ കാണിച്ചു തരാന്‍ ഇവര്‍ക്ക് കഴിയുമോ? കുറഞ്ഞത്, അവനവനെ എങ്കിലും...? ഒരു വിശാലമായ വീക്ഷണത്തില്‍ നോക്കിയാല്‍ വീട്ടില്‍ കണ്ണാടി ഉള്ള എല്ലാവരും തന്നെ നാര്‍സിസ്റ്റ് ആണ് എന്ന് ഞാന്‍ പറയും. സ്വയം നന്നായി അവതരിപ്പിക്കാന്‍ ഇഷ്ടമുള്ളവരാണ് കണ്ണാടി നോക്കുന്നതും, നല്ല വസ്ത്രം മേടിക്കുന്നതും, മേയ്ക് അപ്പ് ഇടുന്നതും, പൌഡര്‍ ഉപയോഗിക്കുന്നതും, ജിമ്മില്‍ പോകുന്നതും, മെലിയാന്‍ കഷ്ടപ്പെടുന്നതും ഒക്കെ. ഇവരില്‍ നിന്ന് സെല്‍ഫി എടുക്കുന്നവരെ വ്യത്യസ്തമാക്കുന്നത് അവര്‍ അത് തുറന്നു കാണിക്കാന്‍ മടിക്കുന്നില്ല എന്ന ഒരൊറ്റ ഘടകം മാത്രമാണ്. സെല്‍ഫി എടുക്കാത്ത, ഇന്‍റര്‍നെറ്റ് ഉപയോഗിക്കാത്ത കുറെ മുതിര്‍ന്നവര്‍ പറയുന്നത് കേട്ടിട്ടില്ലേ, "അവിടെ ചെന്നപ്പോള്‍ എല്ലാവരും കൂടി ഓടി വന്നു. എന്നെ പ്രത്യേകം ഇരുത്തി, പോരുന്ന വരെ എന്നെ പ്രത്യേകം ശ്രദ്ധിച്ചു" എന്നൊക്കെ? ഈ 'പ്രത്യേക'വ്യക്തികളാകാനുള്ള മുതിര്‍ന്നവരുടെ നോര്‍മല്‍ ത്വര കാണുമ്പോള്‍, ഇവരെ ഓഫ്‌ലൈന്‍ നാര്‍സിസ്റ്റ് എന്നല്ലേ വിളിക്കേണ്ടത്? ഇനി പട്ടാളക്കാരെ എടുത്താലോ, "ഞാന്‍ അന്ന് ലഡാക്കില്‍ ആയിരുന്നപ്പോള്‍ പാകിസ്ഥാന്‍കാരന്‍ വന്നു, പക്ഷെ നമ്മള്‍ വിടുവോ! ഒരൊറ്റ വെടിയാ! അവന്‍ ഠിം!" എന്ന് പറയും. അവരെ എന്നാല്‍ പിന്നെ മിലിട്ടറി നാര്‍സിസ്റ്റുകള്‍ എന്ന് വിളിക്കാം. ഇതൊക്കെ പോട്ടെ. ഉദാത്തരായ അച്ഛനമ്മമാരെ എടുക്കാം. മക്കളെ കുറിച്ച് അവരുടെ ആദ്യ നിര്‍വചനം തന്നെ, "വയസ്സാം കാലത്ത് നമ്മളെ നോക്കേണ്ടവരാ!" എന്നതാണ്. അപ്പോള്‍ അവരുടെ വയസ്സാംകാലം സുരക്ഷിതമാക്കാന്‍ വേണ്ടിയാണ് മക്കള്‍ എന്ന നിര്‍വചനം അല്ലെ അവിടെ ആദ്യം വരുന്നത്? അതും സ്വയം സ്നേഹം തന്നെയല്ലേ! ഐ മീന്‍, ഈ പറഞ്ഞ നാര്‍സിസം? ഇനി ഇതിന്‍റെ ഒരു ചെറിയ തിയററ്റിക്കല്‍ വശം പറയാം. ഇതിനെക്കുറിച്ച് ഫ്രോയിഡിന്റെ 'ഓണ്‍ നാര്‍സിസം' എന്ന ഒരു ലേഖനമുണ്ട്. അതില്‍ അദ്ദേഹം എടുത്തു പറഞ്ഞിട്ടുള്ള ഒരു കാര്യം, ഒരളവു വരെ എല്ലാവരുടെ ഉള്ളിലും നാര്‍സിസം ഉണ്ടെന്നും, ആ നാര്‍സിസത്തെ നമ്മള്‍ പ്രത്യേകം സംരക്ഷിക്കുന്നുണ്ട് എന്നതുമാണ്. മാത്രവുമല്ല, ആ "ഹെല്‍ത്തി നാര്‍സിസ"ത്തെ ഒരാളുടെ വ്യക്തിത്വ വളര്‍ച്ചയ്ക്ക് വളരെ ആവശ്യമുണ്ട് എന്നതും പരാമര്‍ശിച്ചിട്ടുണ്ട്. ഇക്കാര്യം അദ്ദേഹത്തിന്‍റെ പഠനങ്ങളിലൂടെ തെളിവടക്കം ഈ ലേഖനത്തില്‍ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിനു ശേഷം ഓഷോയുടെ 'ബുക്ക് ഓഫ് മാന്‍' (പുരുഷന്‍) എന്ന പുസ്തകമെടുത്താല്‍ നല്ല വീക്ഷണങ്ങള്‍ നിറഞ്ഞ കുറെ ഭാഗങ്ങള്‍ ഈ സ്വയം സ്നേഹത്തെ കുറിച്ചാണ്. പക്ഷെ സ്ഥിരമായ ആക്ഷേപഹാസ്യം നന്നായി ഉപയോഗിച്ചാണ് ഓഷോ ഇതിനെക്കുറിച്ച് എഴുതിയിരിക്കുന്നത്. ആ പരിഭാഷാ വാചകങ്ങള്‍ ഇങ്ങനെയാണ്: "ഓരോ കുഞ്ഞും ജനിക്കുന്നത് അവനവനോട് അഗാധമായ സ്നേഹത്തോടെയാണ്. അതില്ലാതെയാക്കുന്നത് സമൂഹവും മതങ്ങളുമാണ്. ഓരോ കുഞ്ഞും തന്നെത്തന്നെ സ്നേഹിച്ചു കൊണ്ട് വളര്‍ന്നാല്‍ ദൈവത്തെ ആര് സ്നേഹിക്കും? പ്രസിഡന്റിനെ ആര് സ്നേഹിക്കും? മാതാപിതാക്കളെ ആര് സ്നേഹിക്കും? അതുകൊണ്ട് തന്നോട് തന്നെയുള്ള സ്നേഹത്തില്‍ നിന്ന് സമൂഹം അവനെ പിന്തിരിപ്പിക്കുന്നു. എപ്പോഴും തന്‍റെ സ്നേഹം തന്നില്‍ നിന്ന് വേറിട്ട മറ്റൊന്നിലേക്ക് തിരിക്കാന്‍ അവന്‍ കണ്ടീഷന്‍ ചെയ്യപ്പെടുന്നു... ...നിങ്ങള്‍ നിങ്ങളെത്തന്നെ സ്നേഹിക്കാന്‍ ശീലിച്ചാല്‍ പുരോഹിതന്മാര്‍ക്ക് മരിക്കേണ്ടി വരും. രാഷ്ട്രീയക്കാര്‍ക്ക് അനുയായികള്‍ ഇല്ലാതെയാകും. സമൂഹത്തിലെ എല്ലാ സ്ഥാപിത താത്പര്യക്കാരും തകര്‍ന്നടിയും." ഒന്നിരുത്തി ചിന്തിച്ചാല്‍, ഇക്കാര്യം ചെറിയ തോതില്‍ ഫേയ്സ്ബുക്ക് കമന്റുകളിലും വലിയ തോതില്‍ മത-രാഷ്ട്രീയ പ്രസംഗങ്ങളിലും കാണുന്നു എന്നതാണ് വാസ്തവം. പാര്‍ട്ടിക്ക് വേണ്ടി മരിക്കുന്ന രക്തസാക്ഷികളെയും, മതത്തിന് വേണ്ടി മരിക്കുന്ന 'സ്വര്‍ഗ്ഗം കിട്ടാന്‍ പോകുന്ന'വരെയും, ഭൂപടത്തിലെ വരകള്‍ക്ക് വേണ്ടി യുദ്ധം ചെയ്ത് ബലിയാകുന്ന ധീരജവാന്മാരെയും മാത്രം മതി എല്ലാവര്‍ക്കും. അവനവനെ സ്നേഹിക്കുന്നത് ഒരു കുറ്റമായി ചിത്രീകരിക്കുക, മറ്റൊരാള്‍ക്കോ, ഒരു പ്രസ്ഥാനത്തിനോ വേണ്ടി സകലതും ത്യജിച്ച് ജീവിക്കുന്നത് ഉദാത്തമെന്ന് സാമൂഹികനിര്‍വചനം ഉണ്ടാക്കുക. എന്തെല്ലാം പൊള്ളത്തരങ്ങള്‍ ഉള്ള സമൂഹത്തിലാണ് നമ്മള്‍ ജീവിക്കുന്നതെന്ന് സ്മോള്‍ സ്കെയില്‍ മുതല്‍ ലാര്‍ജ് സ്കെയില്‍ വരെ ചിന്തിച്ചാല്‍ മനസ്സിലാകും. സമൂഹം അഹങ്കാരി എന്ന് വിളിച്ച, നാര്‍സിസ്റ്റ് എന്ന് വിശേഷിപ്പിക്കാവുന്ന സോക്രട്ടീസിന് വിഷം കൊടുക്കാന്‍ വന്ന ആളോട് അദ്ദേഹം പറഞ്ഞ അവസാന വാചകങ്ങള്‍ ഇങ്ങനെയായിരുന്നു: "ഞാന്‍ ഇല്ലാതെയായാല്‍ എന്ത് കുഴപ്പമാണ്? അതിനെക്കുറിച്ച് ഞാന്‍ എന്തിനു വ്യാകുലനാകണം? വ്യാകുലനാകാന്‍ ഞാന്‍ ഉണ്ടാകില്ലല്ലോ! പിന്നെ ചിന്തിച്ചു സമയം പാഴാക്കുന്നതെന്തിന്! ഒരു സ്വതന്ത്രവ്യക്തിയായി ഞാന്‍ ജീവിച്ചു. ഒരു സ്വതന്ത്രവ്യക്തിയായിത്തന്നെ മരിയ്ക്കുന്നു. ആരും എനിക്ക് വേണ്ടി തീരുമാനിക്കുന്നില്ല. എന്റെ കാര്യത്തില്‍ തീരുമാനമെടുക്കുന്നത് ഞാന്‍ തന്നെയാണ്." ഇതല്ലേ ഹീറോയിസം? ;) ജയ് നാര്‍സിസം. :D